Friday, February 18, 2022

കുട്ടമാൻ

 മനസ്സിന്റെ പിന്നിൽ നിന്ന് ചെറുതായി പൊങ്ങി വരുന്ന ആ ആന്തലിനിടയിലും രവി ഒരു മാത്ര പുഞ്ചിരിച്ചു. 

"കുട്ടമാനെ കാണാനില്ല"

രാവിലെ ശാന്ത വന്നു പറഞ്ഞപ്പോൾ, അതിലെ പ്രാസം മാത്രമാണ് പെട്ടെന്ന് പതിഞ്ഞത്. 

കിടക്കയിൽ എഴുന്നേറ്റിരുന്നു പിന്നെയും ഒന്ന് രണ്ടാവർത്തി അത് തന്നെ ഉരുവിട്ടിരുന്നു. 


പതുക്കെ പുതപ്പൊക്കെ മടക്കി വെച്ച് അടുക്കളയിലേക്കു പോയി. ശാന്ത ആകെ പരിഭ്രമത്തിലാണ്. "രവിയേട്ടാ, ഒന്ന് വേഗം അന്വേഷിക്കൂ", അവൾ പറഞ്ഞു.


"ഇവിടെ അടുത്തെവിടെയെങ്കിലും പോയതാവും, നീ വെറുതെ പരിഭ്രമിക്കണ്ട"


"അതല്ല രവിയേട്ടാ, പെട്ടിയും കിടക്കയും ഒന്നും കാണുന്നില്ല"


രവി വിശ്വാസം വരാതെ മുഖം കോടിച്ചു. "ങേ?" എന്നൊരു ശബ്ദം മാത്രം മാത്രം പുറത്തു വന്നു.

തിരിഞ്ഞു ചെന്ന് കുട്ടമാന്റെ ചെറിയ മുറിയിൽ കയറി നോക്കി.


ശെരിയാണല്ലോ, അവിടെ അങ്ങനെ ഒരാൾ ഉണ്ടായിരുന്ന ലക്ഷണമേ ഇല്ല. ജനലിൽ തൂക്കിയിട്ടിരുന്ന ഒരു ചെറിയ കണ്ണാടി മാത്രമായിരുന്നു ബാക്കി.

അതല്ലാതെ കുട്ടമാന്റതു  എ ന്ന് പറയാൻ മാത്രം ഒരു വലിയ പെട്ടി മാത്രമാണ് ഉണ്ടായിരുന്നത്. അതും അയാളുടെ തുണിയും പോയിരിക്കുന്നു. കിടക്കയൊക്കെ നന്നായി മടക്കി വെച്ചിട്ടുണ്ട്. എങ്ങോട്ടോ തീരുമാനിച്ചുറച്ച പോയ ചെയ്തു പോയത് പോലെ തോന്നി.


ഒരു ചെറിയ ആശ്വാസത്തോടെ ശാന്ത അടുത്ത മുറിയിൽ നിന്ന് ആഭരണങ്ങളും, വീട്ടിലുണ്ടായിരുന്ന കുറച്ചു കാശും പോയിട്ടില്ല എന്ന് പറയുന്നത് കേട്ടു. 


അങ്ങനത്തെ ഒരാളായി കുട്ടമാനെപ്പറ്റി തോന്നാത്തത് കൊണ്ട് തന്നെ രവിക്ക് അതിൽ തെല്ലും അതിശയം തോന്നിയില്ല.


കുട്ടമാൻ അവരുടെ കൂടെ താമസമാക്കിയിട്ടു മൂന്നു മാസം ആകുന്നതേ ഉള്ളൂ. ആ സമയത്തു മദ്രാസ്സിൽ നിന്ന് നാട്ടിലേക്ക് പോയപ്പോൾ ശാന്തയുടെ അനിയനാണ് പറഞ്ഞത്, അവരുടെ അടുത്ത വീട്ടിൽ താമസിക്കുന്ന ഈയാളെപ്പറ്റി. കുടുംബവും പ്രാരാബ്ധങ്ങളും ഒന്നുമില്ലാതെ തനിയെയാണ് താമസം. കുട്ടികളെ ഒക്കെ നോക്കാൻ ശാന്തക്കൊരു തുണയാവുമല്ലോ എന്നവൻ പറഞ്ഞു. ശെരിയാണ് എന്ന് രവിക്കും തോന്നി. സൗമ്യനും എപ്പോഴും ഒരു ചെറിയ പുഞ്ചിരി പുറത്തു വരാൻ മടിച്ചു നിൽക്കുന്ന മുഖവും ഉള്ള കുട്ടമാൻ  ശാന്തക്കും സ്വീകാര്യനായിരുന്നു.


കുട്ടികൾക്കെന്തായാലും കുട്ടമാനെ വലിയ കാര്യമായിരുന്നു. മുതുകത്തു കയറി ആന കളിക്കാനും, ഓല കൊണ്ട് വാച്ചുണ്ടാക്കി കൊടുക്കാനും ഒക്കെ കുട്ടമാൻ  മതി എന്നായിരുന്നു അപ്പുവിനും ചിന്നുവിനും.


ഇന്നലെ വൈകുന്നേരം മുറ്റത്തിരുന്നു മാണിക്യേട്ടനും അമ്മുവേടത്തിയോടും സംസാരിക്കുമ്പോൾ കുട്ടമാൻ അടുത്തിരുന്നു മോൾക്ക് ചോറ് ഉരുളയാക്കി വായിൽ വെച്ച് കൊടുക്കുന്നത് കണ്ടപ്പോൾ ചെറുതായെങ്കിലും ഒരു നൊമ്പരം രവിക്കും തോന്നിയിരുന്നു. തന്റെ ചെറിയൊരു വിഷാദഛായ ഉള്ള മുഖം ശ്രദ്ധിച്ചിട്ടാവണം മാണിക്യേട്ടൻ കാര്യം തിരക്കിയത്. താൻ നന്നേ ചെറുതാവുമ്പോൾ അമ്മയെ ഉപേക്ഷിച്ചു പോയ അച്ഛന്റെ കാര്യവും പിന്നെ അമ്മാവന്മാരുടെ കാരുണ്യത്തിലും അതിന്റെ അഭാവത്തിലുമൊക്കെ വളർന്ന കഥകളുമൊക്കെ പറഞ്ഞു. അവരോടത് പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരാശ്വാസവും തോന്നിയിരുന്നു. അപ്പോഴാണല്ലോ താൻ കുട്ടമാനെ അവസാനമായി കണ്ടത് എന്നും രവി ഓർത്തെടുത്തു.


ഇനി അവരുടെ വീട്ടിലേക്കു പോയിട്ടുണ്ടാവുമോ? രവി അവിടെയും പോയി തിരക്കി. ഇല്ല. 


എവിടെപ്പോയി തിരക്കാനാണ് ? രവിക്ക് കുറച്ചു പേടിയൊക്കെ തോന്നിത്തുടങ്ങി. കുറച്ചു പ്രായമായ മനുഷ്യനാണ് . എവിടെയെങ്കിലും വച്ച് എന്തെങ്കിലും സംഭവിച്ചാൽ? സുഹൃത്തായ ഒരു പോലീസുകാരനെ കണ്ടു വിവരം പറഞ്ഞു. വീട്ടിൽ നിന്ന് വിലപിടിപ്പുള്ളതൊന്നും  പോകാഞ്ഞത് കൊണ്ടും, എവിടേക്കോ ഒരു യാത്ര പോയത് പോലെയുള്ള സ്വഭാവം കൊണ്ടും അയ്യാൾ നാട്ടിലേക്ക് മടങ്ങിപ്പോയിക്കാനും എന്ന് ആ സുഹൃത്ത് പറഞ്ഞു. ആലോചിച്ചപ്പോൾ അത് ശെരിയായിരിക്കാമെന്നു രവിക്കും തോന്നി. ഉടനെ പോസ്റ്റ് ആപ്പീസിൽ ചെന്ന് നാട്ടിലേക്ക് ഒരു കമ്പി അയച്ചു, കുട്ടമാനെ കണ്ടാൽ വിവരമറിയിക്കാൻ. 


മനസ്സിന് കുറച്ചൊരു സമാധാനം ആയതു നാല് ദിവസം കഴിഞ്ഞു ശാന്തയുടെ അനിയന്റെ സന്ദേശം വന്നപ്പോഴാണ് . കുട്ടമാൻ നാട്ടിൽ എത്തിയിരിക്കുന്നു അന്ന് പറഞ്ഞായിരുന്നു അത് . എന്നാലും, എന്താവാം അതിനു കാരണം എന്ന് എത്ര ആലോചിച്ചിട്ടും രവിക്ക് പിടി കിട്ടിയില്ല. 


ഒരു മാസത്തോളം കഴിഞ്ഞു ഒരു ചെറിയ ആവശ്യത്തിനായി രവി നാട്ടിലെത്തി. ജോലിത്തിരക്ക് കഴിഞ്ഞു നേരെ പോയത് കുറ്റമാൻ  താമസിച്ചിരുന്ന ചെറിയ വീട്ടിലേക്കു തന്നെ. വാതിലിൽ മുട്ടി വിളിച്ചപ്പോൾ വളരെയധികം സങ്കോചത്തോടെയാണ് അയാൾ വാതിൽ തുറന്നതു. രവിയെ കണ്ടതും വളരെ വിമ്മിഷ്ടത്തോടെ പതുക്കെ കരയാനും തുടങ്ങി. രവിക്ക് ആകെ ഒരു അമ്പരപ്പായിരുന്നു. "കുട്ടമാൻ, എന്തായിത്? ഞാനെന്തങ്കിലും തെറ്റ് പറയുകയോ പ്രവർത്തിക്കുകയോ  ചെയ്തുവോ? എന്തായാലും ക്ഷമിക്കൂ . നിങ്ങള്ക്ക് പറഞ്ഞിട്ട് പോരാമായിരുന്നു. ഞങ്ങളൊക്കെ എന്ത് മാത്രം വിഷമിച്ചെന്നോ". 


കുട്ടമാൻ കൈകൾ കൂപ്പി പറഞ്ഞു  - "മോനെ, ഞാൻ നിന്റെ അച്ഛനാടാ"

No comments:

Post a Comment